November 18, 2006

ഒരു പേരിലെന്തിരിക്കുന്നു?

Feb 2006ല്‍ ഞാന്‍ Chintha.comനു എഴുതിയ ഒരു സാദനം ആണിത്. കൂട്ടുകാര്‍ക്കെല്ലാം മക്കള്‍ പിറക്കുന്നു. "ചളുക്ക്" പേരുകള് ഇട്ട് പിള്ളേര "ഫാവി" നശിപ്പികല്ല്. അതുകൊണ്ടാണു് വീണ്ടും ഇതിവിടെ ഇടണതു. വായിര്. ഇതു വായിച്ചവരു് വീണ്ടും വായിര്. "ചളുക്ക്" പേരുകളു ഒള്ളവരാണെങ്കി ഇരുന്ന് കര.

------------------

സെയിദ് മുഹമ്മദ് ലബ്ബ കൈപ്പള്ളിയുടെ മൂത്ത മകന്റെ പേര് ‘ഇബ്രാഹിം കുഞ്ഞു ലബ്ബെ കൈപ്പള്ളി’ എന്നായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നൂഹുക്കണ്ണു കൈപ്പള്ളിയുടെ ഇളയമകന്റെ പേര്, ‘നിഷാദ് ഹുസൈന്‍’ എന്നായിരുന്നു. അതായത് ഈ ഞാന്‍.

"എന്താ വാപ്പാ എന്റെ പേരിന്റെ അവസാനം ‘ലബ്ബ’യും ‘കൈപ്പള്ളി’ എന്ന പേരുമൊന്നുമില്ലാത്തത് "എന്നു ഞാന്‍ ചോദിച്ചപ്പോള്‍., "അതൊക്കെ പഴഞ്ചന്‍ ആചാരങ്ങളാണ് " എന്നു വാപ്പ പറഞ്ഞു. അങ്ങനെ എനിക്ക്, വാപ്പായുടെ പ്രിയപ്പെട്ട കൊച്ചാപ്പയുടെ (കൊച്ചച്ഛന്റെ) പേരായ "ഹുസൈന്‍" എന്ന വാല്‍ വീണു. വിദേശികള്‍ പഠിപ്പിക്കുന്ന കിന്റര്‍ഗാര്‍ട്ടനില്‍ വെച്ചുതന്നെ എന്റെ പേരിനെന്തോ വൈകല്യമുണ്ടെന്നു എനിക്കു തോന്നിയിരുന്നു. 1975ല്‍, അബു ദാബിയിലെ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു. കൊറിയന്‍, സൊമാലിയന്‍, ബ്രിട്ടിഷ്, അമേരിക്കന്‍, സിറിയന്‍, അറബി തുടങ്ങിയ കുട്ടികള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍ എല്ലാവരുടെ പേരിലും അച്ഛന്റെ പേരുള്ളപ്പോള്‍ എനിക്കുമാത്രം എന്തേ എന്റെ വാപ്പായുടെ പേരില്ലാതെ പോയി എന്ന് ഞാന്‍ ആലോചിച്ചിരുന്നു! 1975ല്‍ അബു ദാബിയില്‍ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നുഴഞ്ഞുകയറിയ പല പരിവര്‍ത്തനങ്ങളില്‍ ഒന്നു പിതാവിന്റെയും കുടുംബത്തിന്റെയും ഉപജാതിയുടെയും വാലുകള്‍ കളയുക എന്നതാണ്. ഭൂതകാലം മറക്കുന്നത് പല സംസ്കാരത്തിന്റെയും ഒരു സ്വഭാവമാണ്. പക്ഷേ, ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യത്തെയും പൈതൃകത്തെയും മറക്കുന്ന സംസ്കാരം കേരളത്തിലാണു കൂടുതല്‍ കണ്ടുവരുന്നത്. കുടുംബപ്പേര് മറച്ചുപിടിക്കുന്നത് പുരോഗമനമാണെന്ന് എനിക്ക് തോന്നുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളുടെ പേര് മുറിച്ചുകളയുന്നതു പുരോഗമനമല്ല മറിച്ച് ഒരു സമൂഹത്തിനു സംഭവിച്ചുപോയ കൂട്ടായ അപകര്‍ഷബോധമാണ്. ഈ പോരായ്മ നികത്താന്‍ കണ്ടെത്തുന്നത്‌ ചില പുതിയ പേരുകളാണ്‌.

മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്. പക്ഷേ അവയ്ക്ക് മറ്റുഭാഷകളില്‍ എന്തര്‍ത്ഥമാണെന്നു കൂടി മനസിലാക്കിയിരുന്നാല്‍ ഒരുപാട് മാനക്കേടൊഴിവാക്കാം. പ്രവാസി മലയാളി, കുട്ടികള്‍ക്കു പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു ഭാഷകള്‍ ഇം‌ഗ്ലീഷും അറബിയുമാണ് .

ഉദാഹരണത്തിനു്: ഒരു മലയാള സിനിമാ താരത്തിന്റെ മകളുടെ പേര് "സുറുമി" (سُرْمي) എന്നാണ് .(നിഘണ്ടു കാണുക ) അറബിയില്‍ ‘സുറും’ എന്ന വാക്കിന്‌ Rectum(വിസര്‍ജ്ജനത്തിനു മുമ്പ് ശരീരത്തില്‍ മലം സൂക്ഷിക്കുന്ന സ്ഥലം) എന്നാണ് അര്‍ത്ഥം. പിന്നില്‍ "യി" ചേര്‍ക്കുമ്പോള്‍ "എന്റെ" എന്ന അര്‍ത്ഥം വരും. ചുരുക്കത്തില്‍ "സുറുമി" എന്ന വാക്കിന്റെ അര്‍ത്ഥം "എന്റെ മലദ്വാരം" (My Rectum) എന്നാണ്. ഇത്രയും അങ്ങോട്ടു പ്രതീക്ഷിച്ചില്ല അല്ലേ?

ഇദ്ദേഹം പലവട്ടം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക് ഇന്‍ കൌണ്ടറുകളിലിരിക്കുന്ന അറബി ഓഫീസറുമ്മാര്‍ പാസ്പോര്‍ട്ടില്‍ "എന്റെ മലദ്വാരം" എന്ന പേരു കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാനാവും. നാട്ടില്‍ ജനം അംഗീകരിച്ച നല്ല അറബിപ്പേരുകള്‍ ഉണ്ട്, അതൊന്നും പോരാഞ്ഞിട്ട് അറബി വാക്കുകളെല്ലാം വിശുദ്ധമാണെന്നു കരുതി പരിഷ്കാരം ചെയ്യുമ്പോഴാണ് ഇതുപോലെ സംഭവിക്കുന്നത്.

മറ്റൊരു മലയാളി സുഹൃത്തിന്റെ മകളുടെ പേര് "നജ്‌ദ" (نَجَدَ)എന്നായിരുന്നു. ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അവര്‍ താമസിക്കുന്നത് "നജ്‌ദ" എന്ന പേരുള്ള തെരുവിലായതുകൊണ്ടാണെന്നാണ്. ആ തെരുവില്‍ ഒരു Fire Brigade ഉള്ളതു ശരിയാണ്. അറബിയില്‍ Fire Force നു "നജ്ദ്ദ“ (Rescue) എന്ന വാക്കാണ് ഉപയോഗിക്കുക. പക്ഷേ അറബികള്‍ ആരും തന്നെ ഈ വാക്ക് ഒരു പേരായിട്ടുപയോഗിക്കാറില്ല.

ഒരിക്കല്‍ ഒരു മലയാളി കച്ചവടക്കാരന്‍ എന്നെ കാണാന്‍ എന്റെ ജോലിസ്ഥലത്തു വന്നു. അദ്ദേഹത്തിന്റെ പേര് ‘ഷാം’(Sham)Sham (ഷാം) എന്നായിരുന്നു. ഇം‌ഗ്ലീഷില്‍ ‘Sham‘ എന്നാല്‍ പൊള്ളയായത്, വ്യാജം, പൊയ്‌മുഖം ഉള്ള വ്യക്തി എന്നെല്ലാം അര്‍ത്ഥമുണ്ട്. എനിക്കയാളോട് സഹതാപം തോന്നി. പിന്നെയുള്ള ഒരാശ്വാസം, ഇതിലും തകര്‍പ്പന്‍ പേരുകളുള്ള മലയാളികള്‍ വസിക്കുന്ന നഗരമാണല്ലോ ദുബൈ!.

കുട്ടികള്‍ക്ക് ഈ വിധം പേരിടുന്ന മാതാപിതാക്കകള്‍, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സ്വന്തം പേരു കാരണം അവര്‍ പരിഹസിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ രണ്ടും മൂന്നും അക്ഷരങ്ങള്‍ എടുത്തുണ്ടാക്കുന്ന ഒരുപാടു പേരുകള്‍ ഉണ്ട്. ഈ പ്രക്രിയയില്‍ ഏര്‍പ്പെര്‍പ്പെടുമ്പോള്‍ ഒരു നിഘണ്ടു വാങ്ങിയിട്ട് അവര്‍ നിര്‍മ്മിച്ച പേരിനെന്തെങ്കിലും ദോഷവശങ്ങളുണ്ടോ എന്നുകൂടി നോക്കണം.

പ്രശസ്ത വ്യക്തിയുടെ കുടുംബപ്പേര് കുട്ടികള്‍ക്ക് ഇടുന്നത് ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്നതാണ്. പക്ഷേ ഇന്ത്യയില്‍ Gandhi എന്ന് പേരിന്റെ കൂടെ ചേര്‍ത്താ‍ല്‍, ‘ഗാന്ധി’ എന്ന കുടുംബാംഗമായിട്ടേ ജനം കരുതൂ. കേരളത്തില്‍ "ലെനിന്‍", "ചര്‍ച്ചില്‍", "മാര്‍ക്സ്", "ലിങ്കണ്‍" തുടങ്ങിയ പേരുകളിടുന്നത് സാധരണമാണ്. കുടുംബപ്പേരിന്റെ പ്രാധാന്യവും ഉപയോഗവും അറിയാത്ത മലയാളിക്ക് "ലെനിന്‍" എന്നതു കുടുംബപ്പേരാണെന്ന് അറിയാമോ എന്നറിയില്ല.

ഇനിയുമുണ്ട് അര്‍ത്ഥശൂന്യമായ പേരുകള്‍. അമേരിക്കയിലോ ഇംഗ്ലണ്ടിലോ മക്കളെ വിട്ട് പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ താഴെ പറയുന്ന പേരുകള്‍ ദയവായി കുട്ടികള്‍ക്ക് ഇടരുത്. Pepsi, Dixie, Sony, Pansy, Shaam, Baby, Tito, Anus, Tsunami, Saddam, Osama, Stalin, Jijo, Tijo, ***jo, Tabby, Brinoj, Vinoj, Junoj, ***.oj, Yento, Dinto, Binto, Tunto, Munto, ***t.To.

ഞാന്‍ പശ്ചാത്യ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന കാലത്ത് എന്റെ പേരുകാരണം അനുഭവിച്ച ഒരു പ്രശ്നം ഇതായിരുന്നു: പാസ്പോര്‍ട്ടില്‍ ‘ഹുസൈന്‍’ എന്നാണ് എന്റെ പേരിന്റെ അവസാന ഭാഗം. കുടുംബപ്പേരും വാപ്പയുടെ പേരും ഇല്ലാത്ത പേരുകള്‍ കണ്ടിട്ടില്ലാത്ത ജര്‍മ്മന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് നന്നായി അറിയാവുന്ന ഒരു ഹുസൈനുണ്ട്. ആ ‘ഹുസൈന്‍’ സാമാന്യം ഭേദപ്പെട്ട ഒരു ജനദ്രോഹിയും ഏകാധിപതിയുമായിരുന്നതുകൊണ്ട് ഞാന്‍ ഒരുമണിക്കൂ‍ര്‍ വൈകിയേ എയര്‍പോര്‍ട്ടില്‍‍ നിന്നും സാധാരണ മടങ്ങാറുണ്ടായിരുന്നുള്ളു. വാപ്പായുടെ കൊച്ചാപ്പായുടെ പേര് ‘ഒസാമ’ എന്നെങ്ങാനും ആയിരുന്നുവെങ്കില്‍ എന്റെ കാര്യം......

പാശ്ചാത്യ നാട്ടിലെ എല്ലാ സര്‍ക്കാര്‍ രേഖകളിലും ആദ്യനാമം ചുരുക്കിയെഴുതുന്ന സമ്പ്രദായമാണ്. കുടുംബപ്പേരിലാണ് എല്ലാവരും അറിയപ്പെടുന്നത്. അടുത്തു പരിചയമുള്ളവര്‍ മാത്രമെ ആദ്യനാമം ഉപയോഗിക്കാറുള്ളു. ഒരു സ്ത്രീ വിവാഹിതയായാല്‍ അവളുടെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ കുടുംബപ്പേരു ചേര്‍ക്കുന്നത് അവരുടെ സംസ്കാരമാണ്. ഉദാഹരണതിന് നു് Victoria Caroline Adams, David Beckham നെ വിവാഹം കഴിച്ചപ്പോള്‍ , Victoria Beckham എന്നായി. എന്നാല്‍, കേരളത്തില്‍ വടക്കേവിളയില്‍ കേശവന്റെ മകള്‍ ഗോമതിയും, തെക്കെപറമ്പില്‍ നാരായണന്റെ മകന്‍ മണികണ്ഠനുമായുള്ള വിവാഹം നടന്നു എന്ന് സങ്കല്‍‌പ്പിക്കുക. ഗോമതി, തന്റെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ ആദ്യ പേരു കൂട്ടിച്ചേര്‍ത്ത് "ഗോമതി മണികണ്ഠന്‍" എന്നാക്കി. 1950ല്‍ ഇതു "തെക്കെപറമ്പില്‍ ഗോമതി" എന്നാകുമായിരുന്നു. ഇവര്‍ക്കൊര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ഇവര്‍ ആ കുട്ടിക്ക് "ജിഷ്ണു മണികണ്ഠന്‍" എന്നു പേരു വെച്ചു. കേള്‍ക്കാന്‍ സുഖമില്ല എന്നു തോന്നിയ "പഴഞ്ചന്‍" പേരുകള്‍ മണികണ്ഠന്‍ മക്കള്‍ക്കിട്ടില്ല. "തെക്കെപറമ്പ്" എന്ന അദ്ദേഹത്തിന്റെ കുടുംബപ്പേര് അദ്ദേഹം ജോലിചെയ്യുന്ന ഓഫീസിലെ ഇം‌ഗ്ലീഷുകാര്‍ക്ക്‌ ആര്‍ക്കും വായിക്കാനും എഴുതാനും പറ്റാത്തതു കൊണ്ടു അതും കുട്ടികളുടെ പേരിലില്ല. അങ്ങനെ ഫലത്തില്‍ ഒരു തലമുറയ്ക്ക് ശേഷം കേരളത്തില്‍ പൈതൃകം ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകും. കുടുംബപ്പേരുകള്‍ മാറ്റാന്‍ നമുക്കവകാശമില്ല. അതു ഭാവി തലമുറയ്ക്ക് കൈമാറാനുള്ള കുടുംബ സ്വത്താണ്. മറ്റൊരു സംസ്കാരത്തിതിലും കണ്ടിട്ടില്ലാത്ത, കുടുംബപാരമ്പര്യം മൂടിമറയ്ക്കുന്ന ഒരു വ്യര്‍‌ത്ഥമായ സംസ്കാരമാണു മലയാളികള്‍ ശീലിച്ചുവരുന്നത്. [പേരു്] [അച്ഛന്റെ ആദ്യപേരു്] [കുടുംബപ്പേര്] ഈ വിധം അച്ഛന്റെ ആദ്യപേര് കുട്ടികള്‍ക്കിടുന്നതിനോടൊപ്പം കുടുംബപ്പേരും കൂട്ടി ചേര്‍ക്കണം.

ഇസ്ലാമിക ചട്ടങ്ങള്‍ അനുസരിച്ച് ദൈവത്തിനു തൊണ്ണൂറ്റൊമ്പത് പേരുകളാണ്, ആ പേര് മനുഷ്യരേയൊ ഭൂമിയില്‍ വസിക്കുന്ന ജീവജാലങ്ങളെയൊ വിളിച്ചുകൂടാ. എന്നിരുന്നാലും ദൈവത്തിന്റെ ദാസന്‍, ദൈവത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള പേരുകള്‍ തിരഞ്ഞെടുക്കാം. ആ പട്ടികയില്‍പ്പെടുന്ന പേരുകളാണ്. "അബ്ദുല്‍ -" എന്നാരംഭിക്കുന്ന അറബി പേരുകള്‍. അറബിയില്‍ "അബ്ദ് " എന്നാല്‍ അടിമ, സേവകന്‍, ദാസന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്, അതു ദൈവത്തിന്റെ നാമത്തിന്റെ കൂടെയാണു ചേര്‍ക്കുന്നത്.

ഈ വിധം നല്ല അര്‍ത്ഥമുള്ള തൊണ്ണൂറ്റൊമ്പത് പേരുകള്‍ ലഭിക്കും. ഉദാഹരണത്തിന് - അബ്ദുല്‍ സമദ്, അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കലാം, അബ്ദുല്‍ റഹീം, അങ്ങനെ തൊണ്ണൂറ്റൊമ്പത് പേരുകള്‍. ഒരുകാരണവശാലും ഈ പേരുകള്‍ "അബ്ദുല്‍" എന്ന് ചേര്‍ക്കാതെ വിളിക്കാനോ പറയാനോ പാടില്ല. "അബ്ദുല്‍" എന്ന വാക്ക്‌ ചുരുക്കി ഉപയോഗിക്കാനും വാക്കുപയോഗിക്കാതെ ചുരുക്കാനും പാടില്ല. " A. R. Rahman", "A. Jabbar", "A. Kalam", എന്നൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല. അറബിയും, ഈ വാക്കുകളുടെ അര്‍ത്ഥം അറിയാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീം ജനങ്ങള്‍. ഉദാഹരണത്തിനു് "അഹദ്" എന്നാല്‍ ഏകനായവന്‍ എന്നാണ്. ഇസ്ലാമിക നിയമമനുസരിച്ച്, ഏകനായവന്‍ ദൈവം മാത്രമാണ്. അതു മനുഷ്യനായി ജനിച്ചവന് അവകാശപ്പെടാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. ഈ കാരണത്താല്‍ ഇത്തരം പേരുകള്‍ "അബ്ദുല്‍" ഇല്ലാതെ ഉപയോഗിക്കുന്നതു തെറ്റാണ്.

ഗള്‍ഫില്‍ ഖലീജി അറബികളുടെ (യൂ.ഏ. ഈ, ബഹറൈന്‍‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൌദി.) ഇടയില്‍ കുടുംബപ്പേര് കളയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരു കുഞ്ഞു ജനിച്ചാല്‍ ആ കുട്ടിയുടെ പേരില്‍ അറിയപ്പെടുന്നരും ഉണ്ട്., "അബ്ദുല്‍ കരീം അബ്ദുല്‍ സമദ് അല്‍ സുവൈദി" എന്ന ആളിനു "സൈഫ് സുല്‍ത്താന്‍ അബ്ദുല്‍ കരീം അല്‍ സുവൈദി" എന്ന പേരില്‍ ഒരു മകനുണ്ടെങ്കില്‍, അദ്ദേഹത്തെ സുഹൃത്തുക്കളും, ഭാര്യയും, കുടുംബാംഗങ്ങളും സ്നേഹപൂര്‍‌വ്വം "അബു സൈഫ് " എന്നു വിളിക്കും. "(അബു" എന്നാല്‍ പിതാവ്), അതായത്, സൈഫിന്റെ പിതാവ് എന്നര്‍ത്ഥം. ഇതു വളരെ പഴക്കമുള്ള ഒരു അറബി സംസ്കാരമാമണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ, സമ്പത്ത് വര്‍ദ്ധിച്ചതുകൊണ്ടോ, അവരാരുംതന്നെ അവരുടെ പേരുകള്‍ മറ്റുഭാഷക്കാരുടെ സൌകര്യത്തിനുവേണ്ടി ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല.

എനിക്കൊരു മകന്‍ ജനിച്ചപ്പോപോള്‍ വാപ്പ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ച കാര്യം മറ്റൊന്നുമല്ല. അദ്ദേഹം എനിക്കു തരാന്‍ മടിച്ച കുടുംബപ്പേര് അദ്ദേഹത്തിന്റെ പേരക്കുട്ടിക്കിടണം എന്നു പറഞ്ഞു. അതു ഞാന്‍ അത് അതേപടി അവന്റെ പേരിന്റെ അവസാനം ചേര്‍ക്കുകയും ചെയ്തു. പുരോഗമനത്തിന്റെ പേരില്‍ പലതും നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാടുകളും, നെല്‍പ്പാടങ്ങളും, വനത്തിലെ കടുവയും, വൃക്ഷങ്ങളും, സിംഹവാലനും, ലിപിയും, ഭാഷയും, സംസ്കാരവും ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുകയാണ് നാം. ഇതിനിടയില്‍ അച്ഛനപ്പൂപ്പുപ്പന്മാരുടെ പേരെങ്കിലും കളയാതെ സൂക്ഷിക്കുക.

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.