Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

December 29, 2008

ഒഴുക്കു്

March 24, 2007

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 3

തേക്കടിയില്‍ നിന്നും ഞങ്ങള്‍ ആലപ്പുഴയിലേക്ക് പോയി. വളരെ നല്ല റോടുകളാണു. ഭൂനിരപ്പില്‍ നിന്നും 2 മീറ്റര്‍ താഴെയാണു ഈ പ്രദേശം. ഇരുവശത്തും നില്പാടങ്ങളും കായലും. വഴി വക്കില്‍ ജീവനുള്ള മത്സ്യങ്ങള്‍ വില്ക്കാന്‍ തൂക്കി പിടിച്ചു നില്കുന്ന നാട്ടുകാരേയും കാണാം. വാങ്ങാനല്ലാ എന്നറിഞ്ഞിട്ടും മത്സ്യം ഞങ്ങളെ കാണിച്ചു തന്നു. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ (തിരോന്തരത്ത്) മീന്‍ വാങ്ങാതെ പോയ്യാല്‍ നല്ല മുഴുത്ത രണ്ടു തെറി ഉറപ്പാണു്.

വൈകുന്നേരം ഏഴ് മണിക്ക് ഞങ്ങള്‍ Finishing Point എന്നറിയപ്പെടുന്ന warfല്‍ എത്തി. House boatകളുടെ ഒരു വന്‍ നിര തന്നെയുണ്ട്. 20 ലക്ഷം മുതല്‍ 200 ലക്ഷം വരെ വിലയുള്ള luxurious ബോട്ടുകള്‍. ഒരു രാത്രിക്ക് 6000 രൂപ മുതല്‍ 40,000 രൂപ വരെയുള്ള cruise ബോട്ടുകള്‍. Breakfast, lunch and Dinner ഇതില്‍ ഉള്‍പ്പെടും. പല വന്‍ മലയാളം സിനിമാ താരങ്ങള്‍ക്കും ഇവിടെ ബോട്ടുകള്‍ ഉണ്ടെന്നും കേട്ടു. ആലോചിച്ചപ്പോള്‍ രണ്ടണ്ണം പണിഞ്ഞിട്ടാല്‍ വയസ്സാങ്കാലത്ത് നല്ല ഒരു പരിപാടിയായി എനിക്കുംതോന്നി. നാലുപേര്‍ക്ക് എല്ലാ അധുനിക സൌകര്യങ്ങളോടെ താമസിക്കാന്‍ പറ്റുന്ന ബോട്ടുകളാണു ഇവ. കുമരകത്തേകാള്‍ ചിലവും കുറവാണു്.




Single bedroom കിട്ടാനില്ലാത്തതിനാല്‍ ഞങ്ങള്‍ ഒരു two bedroom ബോട്ട് വാടകക്കെടുത്തു്. ബോട്ടില്‍ രണ്ടു Bedrooms, രണ്ടു toilets, ഒരു Diningഉം, Living roomഉം, Kitchenഉം, staff toiletഉം upper sun deckഉം ഉണ്ടായിരുന്നു.



മൂനുപേര്‍ ഉള്‍പെടുന്ന crew. Captain, Chef, Engine operator. വളരെ professional ആയി തന്നെ ഇവര്‍ കാര്യങ്ങള്‍ ചെയ്തു.
നല്ല ഭക്ഷണം. നല്ല ഗംഭീരം ചായ. മറക്കാനാവത്തെ അനുഭൂതി. ഫോട്ടോ എടുക്കാന്‍ ആവശ്യംപോലെ വിഷയങ്ങള്‍. അവര്‍ണ്ണനീയമായ പ്രകൃതി ഭംഗി. ജീവിതത്തില്‍ ഒരിക്കല്‍ എല്ലാവരും ചെയ്യേണ്ട കാര്യം തന്നെയാണു് ഇതു. ആനയും കാടും കടുവയും തേടി അലഞ്ഞതെല്ലാം മിച്ചം. എന്റെ അനുഭവത്തില്‍ കേരളത്തില്‍ ചെയ്യാന്‍ പറ്റിയ ഏക വിനോദം ഇതു മാത്രമാണു്.





അടുത്ത വര്‍ഷം ഞാന്‍ ഇവിടെ വീണ്ടും വരും. കഴിയുമെങ്കില്‍ നിങ്ങളും വരണം. മറക്കാനാവാത്ത ഒരുനുഭവം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ അവധിയില്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി. Gods own country ഈ പരസ്യങ്ങളില്‍ കാണുന്ന കണക്ക് സുന്ദരമല്ല. More hype than actual service. സന്ദര്‍ശകരില്‍ നിന്നും പണം എങ്ങനെ ഒറ്റ വരവിനു തന്നെ തട്ടി എടുക്കാം എന്നു ഒറ്റ ഉദ്ദേശം മാത്രമേയുള്ളു. Return customers ഇവര്‍ക്ക് ആവശ്യമില്ല.

പക്ഷെ KTDC "തൂറി"സം നടത്തി നശിപ്പിക്കാത്ത അനേകം സുന്ദരമായ സ്ഥലങ്ങള്‍ ഇനിയും കേരളത്തില്‍ ബാക്കിയുണ്ട്. ആ സ്ഥലങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി സന്ദര്‍ശിക്കു. അവിടമാണു് ദൈവത്തിന്റെ സ്വന്തം നാടു്.

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 2

തേക്കടി: ഇടുക്കി ജില്ലയില്‍ കുമിളി പട്ടണിത്തില്‍ നിന്നും തെക്കോട്ട് രണ്ട് കിലോമിറ്റര്‍ ഉള്ളില്‍ അതി സുന്ദരമായ വനവും പെരിയാറിന്റെ ജലസംഭരണിയുമാണു ഇവുടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അനേകം സ്വകാര്യ ഹോട്ടലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ചിലതെല്ലാം വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയുമാണു്. Forest പരിധിക്ക് പുറത്ത് സ്വകാര്യ 3 star ഹോട്ടലുകള്‍ രു 1500 / night ഈടക്കുന്നുണ്ട്. Forestനു ഉള്ളില്‍ പഴയ മൂനു ഹോട്ടലുകളുണ്ട്. Arnya Nivas, Periyar House, Hotel Lake Palace. ഇതോക്കെ പൊതുവേ blade ആണു. പണ്ടു സായിപ്പന്മാര്‍ പുലിയെയും കടുവയെയും വേട്ടയാടി കൊന്നു രസിക്കാന്‍ നിര്‍മ്മിച്ച സ്ഥലങ്ങളാണു് ഇവ. കെട്ടിടങ്ങളില്‍ എല്ലാം 100 വര്‍ഷം മുന്‍പുള്ള അതേ രൂപം. മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. വാങ്ങുന്ന കാശിനു് പ്രത്യേകതകള്‍ ഒന്നുമില്ല.



ഉദാഹരണം ഇതു KTDC യുടെ star hotelലെ deluxe suite roomന്റെ കവാടം. പൂട്ടാനും തുറക്കാനും നാലു് കയ്യും പിന്നെ ഒരു കാലും വേണം. ഈ നൂറ്റണ്ടിലെ ഒരു door knobഉം lockനും എത്ര ലക്ഷം ചിലവാകും?

ചിലവു പട്ടിക:
1) വണ്ടി ഉള്ളില്‍ കടത്താന്‍ രുപ 30.
2) രണ്ടു പേര്‍ക്കുള്ള entry fee രൂപ 200. (കുട്ടികള്‍ക്‍ Free)
3) റൂം വാടക രൂപ 3500/ night.
4) ബോട്ടിങ്ങ് Fee ഒരു ആളിനു് രൂപ 100.
5) binoculars deposit രു 300.
6) binoculars വാടക രു 40.
7) still കാമറ fee രു 25.

Forest Dept ആയാലും കൃത്യമായ ചില്ലറ കൊടുക്കണം. യാത്ര കഴിഞ്ഞ് വരുമ്പോള്‍ തരാം എന്നു പറയും. യാത്രയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വരുന്നവര്‍ ഇതു പലപ്പോഴും മറക്കാന്‍ സാദ്ധ്യതയുണ്ട്. ഇതു വെറും ഒരു കാശ് മുക്കല്‍ പരിപാടി ആയി നടക്കുന്നതായി കേട്ടിടുമുണ്ട്.

പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാം sequenc തെറ്റിക്കാതെ തന്നെ ചെയ്യുകയും വേണം.
Entry fee pass > boating fee > camera Fee> binocular deposit & Fee
എന്ററി ഫീ ഇല്ലാതെ ബോട്ടിങ്ങ് ഫീ കൊടുക്കാന്‍ പറ്റില്ല. ബോട്ട് ticket കാണിക്കാതെ camera feeയും binocular feeഉം അടക്കാന്‍ പറ്റില്ല. ഇതെല്ലാം പല സ്ഥലങ്ങളിലുമാണു. വളരെ നല്ല ഒരു സംവിധാനമാണു ഉണ്ടാക്കി വെച്ചിരിക്കുന്നത്. അതായത് ഒരിക്കല്‍ വന്നവന്‍ പിന്നെ ഈ വഴി വരരുത്.

"ബ്വാ"ട്ടിങ്ങ്.
തുരുംബിച്ച ഈ സാദനം 1930ല്‍ ഏതോ ആഫ്രിക്കന്‍ രാജ്യത്ത് നിന്നും കണ്ടം ചെയ്യാന്‍ കൊടുത്തപ്പോള്‍ കൈ കൊണ്ടു പെയിന്റടിച്ചിട്ട് പോക്കി എടുത്ത ഇവിടെ തള്ളി. Boat Jettyയില്‍ ഇതിലും മൂത്ത് "retire" ചെയ്ത സധനങ്ങള്‍ അവിടെ ദ്രവിക്കാനും ഉണങ്ങാനുമായി വെയിലത്ത് വെച്ചിറ്റുണ്ട്. Tetanus vaccine എടുക്കാത്തവര്‍ ശ്രദ്ദിച്ച് യത്ര ചെയ്യേണ്ടതാണു. ഇതിന്റെ engine പ്രവര്‍ത്തിപ്പികുമ്പോള്‍ നാലു് കിലോമിറ്റര്‍ ദൂരെയുള്ള കാട്ടാനയും കാട്ട് പോത്തും ഓടി ഒളിക്കും. കാത് തീരെ കേള്‍ക്കാത്ത് മൃഗങ്ങളെ ചിലപ്പോള്‍ കണ്ടാലായി.

ബോട്ടില്‍ യാത്ര സമയം 7:00am തൊട്ടു 10:00am വരെ ആണു. രണ്ടു മണിക്കൂര്‍. കുടിക്കാനും തിന്നാനും ബോട്ടിലും ഒന്നും കിട്ടില്ല. Jettyക്കടുത്തുള്ള KTDCയുടെ cafetaeria and souvanir സെന്റര്‍ തുറക്കുന്നത് കൃത്യം 7:15am തുറന്ന് സജ്ജീവമായി പ്രവര്‍ത്തിക്കുന്നതാണു്. അതായത് ബോട്ടുകള്‍ Jetty വിട്ട ഉടന്‍. എത്ര സുന്ദരമായ സംവിധാനങ്ങള്‍. ആനയെ കാണാന്‍ രാവിലെ പോകുന്ന ബോട് ട്രിപ്പില്‍ പറ്റില്ല എന്നു ബോട്ട് ഡ്രൈവര്‍ പറഞ്ഞു. ആനയെ കാണാനുള്ള ആഗ്രഹം മൂത്ത് വട്ടായ ഞാന്‍ വൈകുന്നേരമുള്ള ട്രിപ്പിലും പോയി. അപ്പോള്‍ വേറെ ഒരു ബോട് ഡ്രൈവര്‍ എന്നോടു പറഞ്ഞു രാവിലെ ആണു ആനകളെ കാണാന്‍ പറ്റിയ സമയം എന്നു. ചുരുക്കത്തില്‍ ഇതൊരു പറ്റിക്കല്‍ പരിപാടി ആണെന്നു എനിക്ക് ബോദ്ധ്യപെട്ടു. രാവിലെ പോകുന്നവരോടു വൈകുന്നേരവും പോകാനുള്ള ഒരു പറ്റിക്കല്‍ പരിപാടി. ബെസ്റ്റ് കണ്ണ ബെസ്റ്റ്! ഞാനൊരു മണ്ടന്‍. KTDC കീ ജെയ്. നമ്മുടെ Trade Culture ഇതാണല്ലോ. കപടം നടത്താന്‍ കച്ച കെട്ടിയവര്‍. ഒരിക്കല്‍ വന്നവന്‍ ഇനി ഒരിക്കലും വരരുത്.


സാധാരണ horror സിനിമകളില്‍ കാണുന്ന അദരീക്ഷം. സന്ദര്‍ശകര്‍ക്ക് ബോട്ടിങ്ങിനു് ഇറങ്ങി പോകാനുള്ള പടികെട്ട്.
തേക്കടി വന്യ മൃഗ സംകേതത്തിനു് Forest Departmentന്റെ Information Centreല്‍ സന്ദര്‍ശകര്‍ക്ക് brochure ഉന്നു കൊടുക്കാറില്ല. പക്ഷെ ഒരു നീണ്ട price list കൊടുക്കും.

കടുവയും പുലിയും ആനയും.
Overnight Camping Tiger Trail രുപ 10,000 ! day trip ഒന്നും ഇല്ല. ഞാന്‍ രാവിലെ കൃത്യം 5 മണിക്ക് അലാം ക്ലോക്ക് ഇല്ലാതെ ഉണരുന്നവനാണു്. രവിലെ തന്നെ പ്രാധമിക കര്‍‍മ്മങ്ങള്‍ ചെയ്യുകയും വേണം. വനം വൃത്തികേടക്കാന്‍ തീരെ താല്പര്യമില്ലായിരുന്നു. പിന്നെ ബോട്ടിങ്ങിന്റെ നല്ല അനുഭവം മനസില്‍ ഉള്ളതുകോണ്ടും, ഇവിടെ ശേഷിക്കുന്ന് നാലും മൂനു ഏഴ് കടുവയെ വെറും ഒരു 12 മണിക്കൂറ് കൊണ്ടു കാണാനുള്ള സാദ്ധ്യതയില്‍ വിശ്വാസം തീരെ ഇല്ലാത്തതുകൊണ്ടും, അതു് ഒഴിവാക്കി. മാത്രമല്ല ഈ overnight tiger trailല്‍ പോയ ഒരു അമേരിക്കന്‍ സഞ്ജാര സംഘത്തെ ഞാന്‍ പരിചയപെടു. അവര്‍ കാലിലും കൈയിലും മുഖത്തും കൊതുകടി കൊണ്ട പാടുകള്‍ എന്നെ കാണിച്ചു തന്നു. പിന്നെ കടുവ, അതിനെ കണ്ടവര്‍ ആരുമില്ലയിരുന്നു. 10,000 രൂപാ കോടുത്ത് കൊതുകു് കടി കൊള്ളണ്ട എന്നു കരുതി.

ദൈവത്തിന്റെ സ്വന്തം ദേശീയ പക്ഷി.
നമ്മുടെ സ്വന്തം ദേശീയപക്ഷിയായ കൊതുവിനെ നിലയ്ക്ക് നിര്‍ത്താന്‍ ഞാന്‍ ഒരു മാര്‍ഗ്ഗം കണ്ടേത്തി. വിയര്‍പ്പിന്റെ ഗന്ധം മണത്താണു കൊതുക് നമ്മളെ തേടി എത്തുന്നത്. Axeന്റെ Deodarant spray കാല്‍ പാതങ്ങളിലും മുതുകത്തും കക്ഷത്തിലും നല്ലതുപോലെ അടിക്കുക. കോതുകല്ല, തിമിങ്കലം പോലും അടുക്കില്ല.


റൂം വലിയ തെറ്റില്ല. Air conditioned double rooms, നല്ല വൃത്തിയുള്ള western toilets. വളരെ നല്ല professional and well trained staff ആണു്. Forestന്റെ ഉള്ളിലാണു KTDC ഹോട്ടലുകള്‍. വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു മണിവരെ ഹോട്ടലിന്റെ പുറത്ത് ഇറങ്ങാനും പറ്റില്ല ! Restaurantലെ ഭക്ഷണം വന്‍ ചളമാണു! ഹോട്ടല്‍ Restaurantല്‍ chocolate, ice cream, coca cola, pepsi cola, sprite, fanta, candy, ഒന്നും ഒരിക്കലും stock കാണില്ല. ഇതെല്ലാം നേരത്തെ തന്നെ പുറത്തു കുമിളി പട്ടണത്തില്‍ നിന്നും വാങ്ങി കൊണ്ടുപോകണം. അവിടുത്തെ പരിതാപരമയ സ്ഥിധിവിശേഷങ്ങള്‍ ഹോട്ടല്‍ ജോലിക്കാര്‍ തന്നെ നമുക്ക് പറഞ്ഞു തരും.



എങ്കിലും കുറ്റം പറയരുതല്ലോ. വളരെ അധികം പ്രകൃതി ഭംഗിയുള്ള സ്ഥലം തന്നെയാണു് ഇവിടം. ചില ഇടങ്ങളില്‍ പരിസ്ഥിധി ഭോധമില്ലാത്ത തെണ്ടി domestic tourists ഇടുന്ന പ്ലാസ്റ്റിക്‍ ബാഗും കുപ്പികളും ഇവിടെയും കാണം.


മൃഗങ്ങള്.
ആനയും പുലിയും കടുവയും ഒന്നും കാണാന്‍ കഴിയില്ലെങ്കിലും അനേകം പക്ഷികളും മറ്റു മൃഗങ്ങളും ഉള്ള സ്ഥലം തന്നെയാണു തേക്കടി. കരിങ്കുരങ്ങ്. nut-cracker, മ്ലാവ്, കലമാന്‍, കാട്ട് പോത്ത്, കാട്ട് പന്നി, (Unidentified) Giant squirel, (Unidentified) Otter, Indian Cormorrant, Lesser Cormorant, Black crane, Lesser Egret, Greater Egret, Purple Heron, Cattle Egret, (Unidentified) Black Frog. (Unidentified) species of Mynah, (Unidentified) species from the Corvus Family. (ഇതെല്ലാം കൃത്യമായി തിരിച്ചറിഞ്ഞ ശേഷം "പോട്ടം" ബ്ലോഗില്‍ ഇടുന്നതായിരിക്കും.) ബോട്ടില്‍ guide ആരും ഇല്ല. പക്ഷികളെ കുറിച്ച് അറിയാവുന guideഉം അവിടെ ഇല്ലായിരുന്നു. കാണുന്നത് പോത്താണോ തടി കഷണമാണോ എന്ന് സന്ദര്‍ശകര്‍ സ്വയം ഊഹിച്ചെടുക്കണം. വരുന്ന സന്ദര്‍ശകരെ പരിസ്ഥിധിയെകുറിച്ചും പ്രകൃതി സംരക്ഷണത്തെകുറിച്ചും ബോധവല്കരണം നടത്താനുള്ള ഒരു നല്ല് അവസരമാണു ഈ boating trip. പക്ഷെ ഇത് ഇവിടെ ആരും നടത്തുന്നില്ല. കാണുന്ന മൃഗങ്ങളെ ഒച്ച വെച്ചും തുപ്പിയും വിരട്ടി ഓടിക്കുന്നതിലാണു് നമ്മുടെ സഞ്ജാരികള്‍ "വിനോദിക്കുന്നത്". Forest Dept.ന്റെ Guide ആരും എന്റെ കൂടെ വരാന്‍ തയ്യാറായില്ല. വേറെ Tripഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു. Tips കിട്ടില്ല എന്നു കരുതിയായിരിക്കണം.


രാവിലെ ഹോട്ടലിന്റെ പിന്നില്‍ ഒരു മനുഷ്യന്‍ ജലാശയത്തില്‍ വലവീശി മീന്‍ പിടിക്കുന്നതു കണ്ടു. പ്രായം തികയാത്ത കുഞ്ഞു മീന്‍ പോലും പിടിക്കാവുന്ന ചെറിയ അഴികളുള്ള വീശ് വല. അദ്ദേഹത്തിനോടു ഞാന്‍ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഒരു ഫോറസ്റ്റ്(officer) ആണെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ പടം എടുക്കരുതെന്നും പറഞ്ഞു. വല വീശിയപ്പോള്‍ മുഖം തിരിഞ്ഞു നില്കുന്ന പടം അദ്ദേഹം അറിയാതെ തന്നെ ഞാന്‍ എടുത്തു. കാക്കാന്‍ നിര്‍ത്തിയവന്‍ തന്നെ വിള തിന്നുന്ന ആ പടം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഇടുന്നു. ആനയും, കടുവയും, പുലിയു, കരടിയും എല്ലാം ഈ വലയില്‍ തന്നെ വീണിരിക്കും.

March 23, 2007

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 1

റോടുകള്‍
വനത്തില്‍ ആനയെ കാണണം എന്നു മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടായി. ഇത്തിരി ഭേദപ്പെട്ട ഒരു ആഗ്രഹം അയതുകൊണ്ടു് വെച്ച് വിട്ട്. കെട്ടി പറക്കി തേക്കടിക് പോയി. ഇരുകാലി വന്യമൃഗങ്ങള്‍
വസിക്കുന്ന തിരു"വന"ന്തപുരം districtല്‍ മാത്രമെ മോശം റോടുകള്‍ ഉള്ളു. ഇവിടം വിട്ടാല്‍ പിന്നെ തേക്കടി വരെ നല്ല റോഡുകളാണു. വിഷമമില്ലാതെ 80ലും 100ലും വണ്ടി ഓടികാം. നല്ല കാലാവസ്ഥയും. തിരുവനതപുരത്തുള്ളവമ്മാരു് റോട്ടില്‍ handicraft നടത്തി റോഡ് മൊത്തം patch work ആക്കി വെച്ചിട്ടുണ്ട്. ഒരു കിലോമീറ്റര്‍ കഷ്ടിച്ച് നല്ല റോട് ഇല്ല. റോടില്‍ നിന്നും ഉയര്‍ത്തിയ നടപ്പാത ഇല്ലാഞ്ഞ് ജനം റോടില്‍ നിന്നും ഇറങ്ങി നടക്കില്ല. വളവില്‍ റോടിനു് വീദി കുട്ടിയിരിക്കുന്നത് over takingന്റെ സൌകര്യത്തിനുള്ളതാണെന്നു ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ബസ്സ് കാരെ പേടിച്ചാണു വണ്ടി ഓടിക്കേണ്ടത്.

വണ്ടി മുട്ടിയാല്‍ കുറ്റം ആരുടേതാണെങ്കിലും ദുബൈയ്യിലാണെങ്കില്‍ പോലിസിനെ വിളിച്ചാല്‍ മതി. ഇനി കഷ്ടകാലത്തിനു് ഇവിടെങ്ങാനം വണ്ടി തട്ടിയാല്‍ ഒന്നികില്‍ അടി കൊള്ളണം അല്ലങ്കില്‍ ഓട്ടം അറിഞ്ഞിരിക്കണം. ഞ്യായം എപ്പോഴും നാട്ടുകരുടെ തീരുമാനത്തിനു വിട്ടുകൊടുക്കണം. അപ്പോള്‍ വളരെ കരുതലോടെ വണ്ടി ഓടിക്കണം. Welcome to kerala!


Packaging
നാട്ടുകാര്‍ കുടിക്കുന്ന വെള്ളം നമ്മള്‍ കിടിച്ചാല്‍ നാട്ടുകാര്‍ക്കുള്ള immunity നമുക്കുണ്ടാവണം എന്നില്ല. കുടിക്കാന്‍ bottled water മാത്രമെ വാങ്ങാവു. പക്ഷെ KTDCയുടെ packaging പോലെ തന്നെ കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉരുവിധം എല്ലാ packagingഉം മോശമാണു. "Green Valley" എന്ന bottled water ഞാന്‍ വാങ്ങി, രണ്ടു കൈയ്യും ഒരു കാലും ഉപയെഗിച്ചു വേണം കുപ്പി തുറക്കാന്‍. പരസ്യങ്ങളേല്ലാം നല്ല കിടിലിം തന്നെ പക്ഷെ നമ്മുടെ ഉല്പന്നങ്ങളുടെ packaging എന്തെ ഇങ്ങനെ? shampoo sachetയില്‍ വാങ്ങാന്‍ കിട്ടും. കുളിക്കുന്നതിന്നു മുമ്പെ കത്രിക ഉപയോഗിച്ച് cut ചെയ്തു വെക്കണം. കുളിയുടെ ഇടയില്‍ ഇതു ഒരു കാരണവശാലും തുറക്കാന്‍ പറ്റില്ല്. പല്ലും നഖവും ഉപയോഗിക്കേണ്ടി വരും.

കാലം കുറെ ആയില്ലെ തേങ്ങ ആട്ടി നമ്മള്‍ എണ്ണ വില്കുന്നു? വെളിച്ചെണ്ണ തണുത്താല്‍ കട്ടിയാകും എന്നും, ആ എണ്ണയുള്ള കൂര്‍ത്ത അറ്റമുള്ള കുപ്പി കമഴ്തുമ്പോള്‍ കട്ടിയായ എണ്ണ ഒരു valveന്റെ ഗുണം ചെയ്യുമെന്നും, അലിഞ്ഞ എണ്ണ പുറത്തേക്കിറങ്ങില്ല എന്നും ഈ എണ്ണ package ചെയ്യുന്ന കഴുതകള്‍ക്കറിയില്ലെ? കട്ടിയായ എണ്ണ കമഴ്തുമ്പെള്‍ എണ്ണയുടെ flow തടയാതിരിക്കാന്‍ ഇനി പോക്കത്തുല "പുത്തി" വല്ലതും വേണോ? യവമ്മാരു് നന്നാവുല്ലന്ന്. നന്നാവണമെങ്കി കൊള്ളാത്ത സാദനം കൊള്ളൂല്ല എന്ന പറയാന്‍ ബോധമുള്ള് നാട്ടുകാര്‍ വേണം.


കക്കൂസ്
"തൂ"റിസം "തൂ"റിസം എന്നു വിളിച്ച് കൂവുന്ന സര്‍ക്കാര്‍ സ്വദേശ സന്ദര്‍ശകര്‍ക്ക് നല്ല മൂത്രപ്പുര ഉണ്ടാക്കാന്‍ മറന്നുപോയി. കാശ് കൊടുത്താലും കിട്ടില്ല നല്ല toilet. പോയ ഇടത്തെല്ലാം ഇതു തന്നെ സ്ഥിധി. പോകുന്ന എല്ലാ ഇടത്തും ഹോട്ടലില്‍ മുറി എടുത്ത് വിസര്‍ജ്ജിക്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ എല്ലാ കാര്യവും ഹോട്ടല്‍ മുറിയില്‍ തന്നെ സാദിച്ചിട്ട് പുറത്തിറങ്ങണം. പൊതു സ്ഥലത്ത് clean toilets കെരളത്തില്‍ ഞാന്‍ കണ്ടിട്ടില്ല.

വസ്ത്രം/രൂപം
എനിക്ക് നാട്ടില്‍ ധരിക്കാന്‍ ഏറ്റവും സൌകര്യം bermuda shorts ആണു്. ചുവന്ന ജട്ടി വെളിയില്‍ കാണിച്ച് മുണ്ട് മടക്കി കുത്തി നടക്കുന്നതിനെ കാള്‍ എനിക്കതാണു ഇഷ്ടം. നീട്ടിവളര്‍ത്തിയ തലമുടിയും, മീശയില്ലാത്ത മുഖത്ത് വള്ളം പോലത്തെ (© sandoz !) താടിയും ഫിറ്റ് ചെയ്ത് ഏതു കടയില്‍ ഞാന്‍ കയറി ചെന്നാലും മലയാളികളില്‍ വൈവിധ്യങ്ങള്‍ കണ്ടിട്ടില്ലാത്ത മലയാളി കടക്കാര്‍ ആദ്യം ഇം‌ഗ്ലീഷില്‍ അല്ലെങ്കില്‍ ഹിന്ദിയില്‍ മാത്രമെ സംസാരിക്കു. ചള ചളാന്നുള്ള എന്റെ "തിരോന്തരം" മലയാളം കേള്‍ക്കുമ്പോള്‍ യവമ്മാരു് കണ്ണു് തള്ളി ഞെട്ടി വിഴണത് കാണാന്‍ ഫയങ്കര രസമാണു് കെട്ട. അപ്പോള്‍ average മലയാളിയായാല്‍ full trouser ധരിക്കണം. മീശ mustആണു്. തല മുടി നീട്ടി വളര്‍ത്തരുത്. പിന്നെ ഭാര്യ/girl friend ചൂരിദാര്‍ മാത്രമെ ധരിക്കാവു !

വര്‍ക്കല.
ഷാര്‍ജ്ജയിലുള്ള എന്റെ വണ്ടിയില്‍ rearview mirrorഇല്‍ തൂക്കാന്‍ ചെറിയ ആന നെറ്റിപട്ടങ്ങള്‍ വേണം എന്ന കുറെ കാലമായുള്ള ആഗ്രം മൂത്ത് ഞാന്‍ അന്വേഷിച്ച് ഇറങ്ങി. Handicrafts വില്കുന്ന സ്ഥലങ്ങളെല്ലാം അന്വേഷിച്ച കൂട്ടത്തില്‍ വര്‍ക്കലയില്‍ cliff topല്‍ ഉള്ള കടകളില്‍ തിരക്കി. നമുക്ക് ഈ non-local appearance ഉള്ളതുകൊണ്ട് വര്‍ക്കല ബീച്ചില്‍ എത്തിയപ്പോള്‍ രണ്ടു ലോക്കല്‍സ് എന്നെ സമീപിച്ചു. എന്നിട്ട് ശബ്ദം താഴ്തി ചോദിച്ചു "സാര്‍ യൂ വണ്ട് ഷുഗര്‍, ബ്രൌണ്‍ ഷുഗര്‍, ഗഞ്ജ, ഗ്രാസ്സ്, റ്റാബ്ലറ്റ്സ് റ്റാബ്ലറ്റ്സ്, സാര്‍ ഗുഡ് പ്രൈസ്. സാര്‍ യൂ വാണ്ട് ലേടി മസാജ്, വെരി യങ്ങ്, വെരി നൈസ്സ്." ഞാന്‍ ചേട്ടനെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. "ടെയ് ഞായിങ് ദോ, ലവിടെ ഉള്ളത് തന്ന കെട്ട. ചെല്ല പോ." അവന്‍ പാവം ഞെട്ടിപ്പോയി. തീരെ പ്രതീക്ഷിച്ചില്ല.

കടകളില്‍ നെറ്റിപ്പട്ടം പോയിട്ട് കേരളത്തിന്റെ കരകൌശല ഉല്പനങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. മറിച്ച് നേപ്പാളിന്റേയും, ഭുട്ടാനിന്റേയും, ഗുജറാത്തിന്റേയും, രാജസ്ഥാനിന്റേയും മറ്റു അന്യ സംസ്ഥാനങ്ങളുടേയും ഉല്പനങ്ങള്‍ കണ്ടു. കടകള്‍ എല്ലാം നടത്തുന്നതും മറ്റു ദേശക്കാരാണു്. കേരളത്തിന്റെ ഉല്പനങ്ങള്‍ കേരളത്തിനേയും promote ചെയ്യുന്നവയാണു് എന്നു നാം ഓര്‍ക്കണം. കേരളം സന്ദര്‍ശ്ശിക്കുന്ന വിദേശികള്‍ ഇവിടുന്ന് വാങ്ങി കുണ്ടുപോകുന്നത് അന്യ സംസ്ഥാനകാരുടേയും, അന്യദേശക്കാരുടേയും കരകൌശല ഉല്പനങ്ങളാണു, കേരളത്തിന്റേതല്ല. ഇതു് ശരിയാണോ?
ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പികേണ്ട വ്യവസായ മന്ത്രാലയം എന്തെ ഈ കാര്യം ശ്രദ്ദിക്കാത്തത്? പിന്നെ, ഈ വരുത്തന്മാര്‍ക്ക് നിരങ്ങാന്‍ വര്‍ക്കലക്കാര്‍ എന്തിനു അനുവാദം കൊടുത്തു? സ്വന്തം നാട്ടില്‍ കട നടത്താന്‍ അവിടെ അണുങ്ങള്‍ ആരും ഇല്ലെ?

പിന്നെ വര്‍ക്കല ബീച്ചിനെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല. cliff topല്‍ നിന്നും ബീച്ചിലേക്ക് പടി കെട്ടന്‍ എത്ര രൂപ വേണം. വിദേശികള്‍ക്ക് ഹോട്ടലില്‍ നിന്ന് 30 മീറ്റര്‍ താഴെയുള്ള ബീച്ചില്‍ ഇറങ്ങി പോകാന്‍ ഒരു പോട്ടി പോളിഞ്ഞ ചെങ്കല്‍ പടിക്കെട്ട് ഉണ്ട്. 20 വര്‍ഷമായി ഈ പടികെട്ട് മണോലിച്ചും പെട്ടിയും കിടപ്പാണു. അതായത് ഒരിക്കല്‍ വരുന്നവന്‍ ഈ ജന്മം ഇങ്ങോട്ട് വരരുത്. എന്റെ പേരില്‍ വസ്തു എഴുതി തരാമെങ്കില്‍ ഞാന്‍ കെട്ടി തരാം, ഒരു ഒന്നൊന്നര പടിക്കെട്ട്. ഒരു airconditioned escalator! and elevator.

March 15, 2007

The Damn നെയ്യാര്‍ഡാം



പതിനേഴ് വര്‍ഷം മുമ്പ് ഒരിക്കല്‍ നെയ്യാര്‍ dam Tiger reserveല്‍ പോയ ഓര്‍മ്മ വെച്ച് വിലപിടച്ച പെട്രോളും (49 Rs/Litre !!) അടിച്ച് രാവിലെ ചെന്നകൊട്-ത്ത്.

കേരളത്തിലെ റോടില്‍ വണ്ടി ഓടിക്കുന്നത് ഒരു അനുഭവം തന്നെയാണു്. പോട്ടിപോളിഞ്ഞ റോടിലൂടെ ബാലരാമപുരം വഴി വണ്ടി ഓടിച്ചു. വഴിവക്കില്‍ മനുഷ്യരാരും ഇടുങ്ങിയ റോഡില്‍ നിന്നും ഇറങ്ങി നടക്കില്ല. ചന്തി റോടിലും ബാക്കി അല്പം മാറ്റി തരും. റോടില്‍ നിന്നും ഇറങ്ങുന്നതു് വലിയ ക്ഷീണമാണു്. പിന്നെ ആരെയും കണ്ടു smile ചെയ്യാന്‍ പാടില്ല. തിരിച്ച് smile ചെയില്ല. കാശു കൊടുത്തല്‍ ചിലപ്പോള്‍ smileഉം. എതിരെ Transport Bus ഓട്ടിച്ചു വരുന്ന ഭ്രാന്തനേയും, ഇടതു വശത്തു് തിരിക്കി കയറ്റി വായു ഗുളിക വാങ്ങാന്‍ ഓടുന്ന ഓട്ടോറിക്ഷക്കാരനേയും ഭയന്നാണു പോക്ക്.

വഴിവക്കില്‍ plastic bagഉം paper plateന്റെ കൂമ്പാരങ്ങള്‍ കണ്ടപ്പോള്മനസിലായി ഞങ്ങള്‍ നെയ്യാര്‍ഡാമില്‍ എത്തി എന്ന്.
ഞങ്ങള്‍ 15 രൂപ gateല്‍ കൊടുത്ത് വണ്ടി damന്റെ അകത്തു കയറ്റി. Tourist Information boothല്‍ ആരും ഇല്ല. പിന്നെ അവിടെയെല്ലാം ഒന്നു് വെറുതെ ചുറ്റി കറങ്ങി. അത്ഭുതം എന്നു തന്നെ പറയട്ടെ...ഉണങ്ങാന്‍ തൂക്കിയിട്ടിരിക്കുന്ന കുറേ അടിപ്പാവാടകളും കോണാനും ഒഴികെ അവിടെ കാണാന്‍ ഒന്നുമില്ലായിരുന്നു. അതിമനോഹരമായ കുറ പോട്ടിയ പ്രതിമകളും വെളം കിട്ടാതെ ഒണങ്ങിയ ചെടികളും ഉണ്ടായിരുന്നു. പിന്നെ ഇവിടെ മുതലകളെ സംരക്ഷിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു കണ്ടപ്പോള്‍ മനസിലായി അതു് മുതലകളെ സംരക്ഷിക്കല്‍ അല്ല മറിച്ച് ദ്രോഹിക്കുകയാണു് എന്ന്. വളരെ പ്രാകൃതവും ശോചനീയമായ നിലയിലാണു് മൃഗങ്ങളെ സൂക്ഷിച്ചിരിക്കുന്നതു്.

Tiger reserve ഇപ്പോള്‍ അവിടെ ഇല്ല. അതിന് പകരം Lion Safari എന്ന് വെളുത്ത ഭീമന്‍ അക്ഷരങ്ങള്‍ അങ്ങ് ദൂരെ ഒരു കുന്നിന്മേല്‍ കണ്ടു. ഞങ്ങള്‍ പ്രതീക്ഷയോടെ അവിടേക്ക് വണ്ടി വിട്ടു. 60 കിലോമിറ്റര്‍ വണ്ടിയോടിച്ച് വന്നതു് വെറുതേയാവില്ല. അവിടെ ചെന്നപ്പോള്‍ ചുണ്ടിന്റെ അറ്റത്ത് ഒരു തുണ്ട് ബീഡി തൂക്കിയിട്ട് ഒരു യൂണിഫോം ഇട്ട തൊഴിലാളി ഞങ്ങളെ സമീപിച്ചു. "ങ് ?.... യെന്തര്? "
ഞാന്‍: "അണ്ണ ഈ lion safari.. "
അദ്ദേഹം: "വ അത് ഇന്നില്ല സാറെ. അങ്ങാട്ട് പ്വാവാനൊള്ള ബസ്സില്‍ ഇവടത്ത് സാറമ്മാരു് എല്ലാരും എങ്ങാട്ട പോയിരിക്കേണു്. പോയിറ്റ് നാള വ"

ഓരോ തവണ ഞാന്‍ അവധിക്ക് വരുബോഴും ഞാന്‍ ഇവിടെ പോകാന്‍ ശ്രമിച്ചിറ്റുണ്ട്. ഒരിക്കല്‍ പോലും സാധിച്ചിട്ടില്ല. ഇനി സിംഹമല്ല, dinasour ഉണ്ടെന്നു പറഞ്ഞാലും ഈ ജന്മം ഇവിടേക്ക് ഞാനില്ല. 15 രൂപ gateല്‍ കൊടുത്തത് മിച്ചം. നന്നായി വരട്ടെ.

December 24, 2006

അടുത്ത വര്ഷത്തേക്കുള്ള എന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍

2006 നിങ്ങളുടെ വര്ഷമായിരുന്നു. എന്നു ഞാനല്ല. Time മാഗസിനാണു് പറഞ്ഞതു്. നിങ്ങള്‍ എന്ന internet community.

youtubeഉം, flickrഉം, metacafeയും, myspaceഉം, bloggerഉം, എല്ലാം ചേര്ന്നു ഒരുക്കിയ വേദിയില്‍ നിങ്ങള്‍ വളര്ന്നു. പന്തലിച്ചു. കുട്ടത്തില്‍ ഒരുപറ്റം മലയാളികളും ഒണ്ടായിരുന്നു. അവര്‍ ഒരുപാടു് കാര്യങ്ങള്‍ എഴുതി. ചരിത്രം സൃഷ്ടിച്ചു.

എന്നാല്‍ ഇതൊന്നും അറിയാതെ കഴിയുന്ന ഒരു ലോകം ഉണ്ട്, അതില്‍ കേരളവും പെടും. അഞ്ജതയുടെ സുഖ നിദ്രയില്‍ അവര്‍ ഉറങ്ങുന്നു. സീരിയലുകളും, തെറിപ്പടങ്ങളും, പാന്‍ പരാഗും കഴിച്ച്, ബസ്സുകളില്‍ കയറി പെണ്ണുങ്ങളെ തോണ്ടി എന്റെ കേരളം സന്തുഷ്ടമായി മുന്നേറുന്നു.

അടുത്ത വര്ഷവും എങ്കിലും ഒരു മുന്‍ നിര മലയാളം വാര്ത്താ പത്രം unicode സ്വീകരിക്കുമോ? നമുക്ക് ഉപയോഗിക്കാന്‍ സൌകര്യത്തിനു മലയാളം ചില്ലക്ഷരങ്ങള്‍ എല്ലാവരും സഹകരിച്ച് ഉണ്ടാക്കി തരുമോ?

CDACഉം CDITഉം ERNDCയും അടച്ചുപൂട്ടുമോ?

Adobe indic-യൂണികോടു സ്വീകരിക്കുമോ?

Nokiaയുടെ ഫോണുകളില്‍ മലയാളം യൂണികോട് ഉപയോഗിക്കാന്‍ കഴിയുമോ.

മലയാളികള്‍ കംബ്യൂട്ടറില്‍ മലയാളം കാണുമ്പോള്‍ ഞെട്ടാതെയും പരിഹസിക്കാതെയുമിരിക്കുമോ?

ഇന്നുവരെ നാമകരണം ചെയ്യാത്ത ഒരു പക്ഷി എങ്കിലും ഞാന്‍ കാണുമോ? അങ്ങനെ എന്റെ പേരു് അതിന്റെ ശാസ്ത്രനാമമായി സ്വീകരിക്കുമോ? (അത്രക്കും വെണ്ട അല്ലെ?)

എല്ലാം കണ്ടറിയാം

Happy New Year.

November 18, 2006

ഒരു പേരിലെന്തിരിക്കുന്നു?

Feb 2006ല്‍ ഞാന്‍ Chintha.comനു എഴുതിയ ഒരു സാദനം ആണിത്. കൂട്ടുകാര്‍ക്കെല്ലാം മക്കള്‍ പിറക്കുന്നു. "ചളുക്ക്" പേരുകള് ഇട്ട് പിള്ളേര "ഫാവി" നശിപ്പികല്ല്. അതുകൊണ്ടാണു് വീണ്ടും ഇതിവിടെ ഇടണതു. വായിര്. ഇതു വായിച്ചവരു് വീണ്ടും വായിര്. "ചളുക്ക്" പേരുകളു ഒള്ളവരാണെങ്കി ഇരുന്ന് കര.

------------------

സെയിദ് മുഹമ്മദ് ലബ്ബ കൈപ്പള്ളിയുടെ മൂത്ത മകന്റെ പേര് ‘ഇബ്രാഹിം കുഞ്ഞു ലബ്ബെ കൈപ്പള്ളി’ എന്നായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ നൂഹുക്കണ്ണു കൈപ്പള്ളിയുടെ ഇളയമകന്റെ പേര്, ‘നിഷാദ് ഹുസൈന്‍’ എന്നായിരുന്നു. അതായത് ഈ ഞാന്‍.

"എന്താ വാപ്പാ എന്റെ പേരിന്റെ അവസാനം ‘ലബ്ബ’യും ‘കൈപ്പള്ളി’ എന്ന പേരുമൊന്നുമില്ലാത്തത് "എന്നു ഞാന്‍ ചോദിച്ചപ്പോള്‍., "അതൊക്കെ പഴഞ്ചന്‍ ആചാരങ്ങളാണ് " എന്നു വാപ്പ പറഞ്ഞു. അങ്ങനെ എനിക്ക്, വാപ്പായുടെ പ്രിയപ്പെട്ട കൊച്ചാപ്പയുടെ (കൊച്ചച്ഛന്റെ) പേരായ "ഹുസൈന്‍" എന്ന വാല്‍ വീണു. വിദേശികള്‍ പഠിപ്പിക്കുന്ന കിന്റര്‍ഗാര്‍ട്ടനില്‍ വെച്ചുതന്നെ എന്റെ പേരിനെന്തോ വൈകല്യമുണ്ടെന്നു എനിക്കു തോന്നിയിരുന്നു. 1975ല്‍, അബു ദാബിയിലെ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു. കൊറിയന്‍, സൊമാലിയന്‍, ബ്രിട്ടിഷ്, അമേരിക്കന്‍, സിറിയന്‍, അറബി തുടങ്ങിയ കുട്ടികള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍ എല്ലാവരുടെ പേരിലും അച്ഛന്റെ പേരുള്ളപ്പോള്‍ എനിക്കുമാത്രം എന്തേ എന്റെ വാപ്പായുടെ പേരില്ലാതെ പോയി എന്ന് ഞാന്‍ ആലോചിച്ചിരുന്നു! 1975ല്‍ അബു ദാബിയില്‍ ആ സ്കൂളിലെ ആദ്യത്തെ മലയാളി മുസ്ലീം കുട്ടി ഞാനായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

കഴിഞ്ഞ 40 വര്‍ഷമായി കേരളത്തിലെ മുസ്ലീം സമുദായത്തില്‍ നുഴഞ്ഞുകയറിയ പല പരിവര്‍ത്തനങ്ങളില്‍ ഒന്നു പിതാവിന്റെയും കുടുംബത്തിന്റെയും ഉപജാതിയുടെയും വാലുകള്‍ കളയുക എന്നതാണ്. ഭൂതകാലം മറക്കുന്നത് പല സംസ്കാരത്തിന്റെയും ഒരു സ്വഭാവമാണ്. പക്ഷേ, ഒരു വ്യക്തിയുടെ കുടുംബപാരമ്പര്യത്തെയും പൈതൃകത്തെയും മറക്കുന്ന സംസ്കാരം കേരളത്തിലാണു കൂടുതല്‍ കണ്ടുവരുന്നത്. കുടുംബപ്പേര് മറച്ചുപിടിക്കുന്നത് പുരോഗമനമാണെന്ന് എനിക്ക് തോന്നുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തറവാടുകളുടെ പേര് മുറിച്ചുകളയുന്നതു പുരോഗമനമല്ല മറിച്ച് ഒരു സമൂഹത്തിനു സംഭവിച്ചുപോയ കൂട്ടായ അപകര്‍ഷബോധമാണ്. ഈ പോരായ്മ നികത്താന്‍ കണ്ടെത്തുന്നത്‌ ചില പുതിയ പേരുകളാണ്‌.

മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്. പക്ഷേ അവയ്ക്ക് മറ്റുഭാഷകളില്‍ എന്തര്‍ത്ഥമാണെന്നു കൂടി മനസിലാക്കിയിരുന്നാല്‍ ഒരുപാട് മാനക്കേടൊഴിവാക്കാം. പ്രവാസി മലയാളി, കുട്ടികള്‍ക്കു പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ടു ഭാഷകള്‍ ഇം‌ഗ്ലീഷും അറബിയുമാണ് .

ഉദാഹരണത്തിനു്: ഒരു മലയാള സിനിമാ താരത്തിന്റെ മകളുടെ പേര് "സുറുമി" (سُرْمي) എന്നാണ് .(നിഘണ്ടു കാണുക ) അറബിയില്‍ ‘സുറും’ എന്ന വാക്കിന്‌ Rectum(വിസര്‍ജ്ജനത്തിനു മുമ്പ് ശരീരത്തില്‍ മലം സൂക്ഷിക്കുന്ന സ്ഥലം) എന്നാണ് അര്‍ത്ഥം. പിന്നില്‍ "യി" ചേര്‍ക്കുമ്പോള്‍ "എന്റെ" എന്ന അര്‍ത്ഥം വരും. ചുരുക്കത്തില്‍ "സുറുമി" എന്ന വാക്കിന്റെ അര്‍ത്ഥം "എന്റെ മലദ്വാരം" (My Rectum) എന്നാണ്. ഇത്രയും അങ്ങോട്ടു പ്രതീക്ഷിച്ചില്ല അല്ലേ?

ഇദ്ദേഹം പലവട്ടം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. ഗള്‍ഫ് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ ചെക്ക് ഇന്‍ കൌണ്ടറുകളിലിരിക്കുന്ന അറബി ഓഫീസറുമ്മാര്‍ പാസ്പോര്‍ട്ടില്‍ "എന്റെ മലദ്വാരം" എന്ന പേരു കണ്ടിട്ട് എങ്ങനെ പ്രതികരിച്ചിരിക്കുമെന്ന് എനിക്കു സങ്കല്പിക്കാനാവും. നാട്ടില്‍ ജനം അംഗീകരിച്ച നല്ല അറബിപ്പേരുകള്‍ ഉണ്ട്, അതൊന്നും പോരാഞ്ഞിട്ട് അറബി വാക്കുകളെല്ലാം വിശുദ്ധമാണെന്നു കരുതി പരിഷ്കാരം ചെയ്യുമ്പോഴാണ് ഇതുപോലെ സംഭവിക്കുന്നത്.

മറ്റൊരു മലയാളി സുഹൃത്തിന്റെ മകളുടെ പേര് "നജ്‌ദ" (نَجَدَ)എന്നായിരുന്നു. ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അവര്‍ താമസിക്കുന്നത് "നജ്‌ദ" എന്ന പേരുള്ള തെരുവിലായതുകൊണ്ടാണെന്നാണ്. ആ തെരുവില്‍ ഒരു Fire Brigade ഉള്ളതു ശരിയാണ്. അറബിയില്‍ Fire Force നു "നജ്ദ്ദ“ (Rescue) എന്ന വാക്കാണ് ഉപയോഗിക്കുക. പക്ഷേ അറബികള്‍ ആരും തന്നെ ഈ വാക്ക് ഒരു പേരായിട്ടുപയോഗിക്കാറില്ല.

ഒരിക്കല്‍ ഒരു മലയാളി കച്ചവടക്കാരന്‍ എന്നെ കാണാന്‍ എന്റെ ജോലിസ്ഥലത്തു വന്നു. അദ്ദേഹത്തിന്റെ പേര് ‘ഷാം’(Sham)Sham (ഷാം) എന്നായിരുന്നു. ഇം‌ഗ്ലീഷില്‍ ‘Sham‘ എന്നാല്‍ പൊള്ളയായത്, വ്യാജം, പൊയ്‌മുഖം ഉള്ള വ്യക്തി എന്നെല്ലാം അര്‍ത്ഥമുണ്ട്. എനിക്കയാളോട് സഹതാപം തോന്നി. പിന്നെയുള്ള ഒരാശ്വാസം, ഇതിലും തകര്‍പ്പന്‍ പേരുകളുള്ള മലയാളികള്‍ വസിക്കുന്ന നഗരമാണല്ലോ ദുബൈ!.

കുട്ടികള്‍ക്ക് ഈ വിധം പേരിടുന്ന മാതാപിതാക്കകള്‍, അവര്‍ക്ക് ജീവിതകാലം മുഴുവന്‍ സ്വന്തം പേരു കാരണം അവര്‍ പരിഹസിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ രണ്ടും മൂന്നും അക്ഷരങ്ങള്‍ എടുത്തുണ്ടാക്കുന്ന ഒരുപാടു പേരുകള്‍ ഉണ്ട്. ഈ പ്രക്രിയയില്‍ ഏര്‍പ്പെര്‍പ്പെടുമ്പോള്‍ ഒരു നിഘണ്ടു വാങ്ങിയിട്ട് അവര്‍ നിര്‍മ്മിച്ച പേരിനെന്തെങ്കിലും ദോഷവശങ്ങളുണ്ടോ എന്നുകൂടി നോക്കണം.

പ്രശസ്ത വ്യക്തിയുടെ കുടുംബപ്പേര് കുട്ടികള്‍ക്ക് ഇടുന്നത് ഇന്ത്യയില്‍ സാധാരണ കണ്ടുവരുന്നതാണ്. പക്ഷേ ഇന്ത്യയില്‍ Gandhi എന്ന് പേരിന്റെ കൂടെ ചേര്‍ത്താ‍ല്‍, ‘ഗാന്ധി’ എന്ന കുടുംബാംഗമായിട്ടേ ജനം കരുതൂ. കേരളത്തില്‍ "ലെനിന്‍", "ചര്‍ച്ചില്‍", "മാര്‍ക്സ്", "ലിങ്കണ്‍" തുടങ്ങിയ പേരുകളിടുന്നത് സാധരണമാണ്. കുടുംബപ്പേരിന്റെ പ്രാധാന്യവും ഉപയോഗവും അറിയാത്ത മലയാളിക്ക് "ലെനിന്‍" എന്നതു കുടുംബപ്പേരാണെന്ന് അറിയാമോ എന്നറിയില്ല.

ഇനിയുമുണ്ട് അര്‍ത്ഥശൂന്യമായ പേരുകള്‍. അമേരിക്കയിലോ ഇംഗ്ലണ്ടിലോ മക്കളെ വിട്ട് പഠിപ്പിക്കാന്‍ ഉദ്ദേശ്യമുള്ളവര്‍ താഴെ പറയുന്ന പേരുകള്‍ ദയവായി കുട്ടികള്‍ക്ക് ഇടരുത്. Pepsi, Dixie, Sony, Pansy, Shaam, Baby, Tito, Anus, Tsunami, Saddam, Osama, Stalin, Jijo, Tijo, ***jo, Tabby, Brinoj, Vinoj, Junoj, ***.oj, Yento, Dinto, Binto, Tunto, Munto, ***t.To.

ഞാന്‍ പശ്ചാത്യ രാജ്യങ്ങളില്‍ ജോലിചെയ്തിരുന്ന കാലത്ത് എന്റെ പേരുകാരണം അനുഭവിച്ച ഒരു പ്രശ്നം ഇതായിരുന്നു: പാസ്പോര്‍ട്ടില്‍ ‘ഹുസൈന്‍’ എന്നാണ് എന്റെ പേരിന്റെ അവസാന ഭാഗം. കുടുംബപ്പേരും വാപ്പയുടെ പേരും ഇല്ലാത്ത പേരുകള്‍ കണ്ടിട്ടില്ലാത്ത ജര്‍മ്മന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് നന്നായി അറിയാവുന്ന ഒരു ഹുസൈനുണ്ട്. ആ ‘ഹുസൈന്‍’ സാമാന്യം ഭേദപ്പെട്ട ഒരു ജനദ്രോഹിയും ഏകാധിപതിയുമായിരുന്നതുകൊണ്ട് ഞാന്‍ ഒരുമണിക്കൂ‍ര്‍ വൈകിയേ എയര്‍പോര്‍ട്ടില്‍‍ നിന്നും സാധാരണ മടങ്ങാറുണ്ടായിരുന്നുള്ളു. വാപ്പായുടെ കൊച്ചാപ്പായുടെ പേര് ‘ഒസാമ’ എന്നെങ്ങാനും ആയിരുന്നുവെങ്കില്‍ എന്റെ കാര്യം......

പാശ്ചാത്യ നാട്ടിലെ എല്ലാ സര്‍ക്കാര്‍ രേഖകളിലും ആദ്യനാമം ചുരുക്കിയെഴുതുന്ന സമ്പ്രദായമാണ്. കുടുംബപ്പേരിലാണ് എല്ലാവരും അറിയപ്പെടുന്നത്. അടുത്തു പരിചയമുള്ളവര്‍ മാത്രമെ ആദ്യനാമം ഉപയോഗിക്കാറുള്ളു. ഒരു സ്ത്രീ വിവാഹിതയായാല്‍ അവളുടെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ കുടുംബപ്പേരു ചേര്‍ക്കുന്നത് അവരുടെ സംസ്കാരമാണ്. ഉദാഹരണതിന് നു് Victoria Caroline Adams, David Beckham നെ വിവാഹം കഴിച്ചപ്പോള്‍ , Victoria Beckham എന്നായി. എന്നാല്‍, കേരളത്തില്‍ വടക്കേവിളയില്‍ കേശവന്റെ മകള്‍ ഗോമതിയും, തെക്കെപറമ്പില്‍ നാരായണന്റെ മകന്‍ മണികണ്ഠനുമായുള്ള വിവാഹം നടന്നു എന്ന് സങ്കല്‍‌പ്പിക്കുക. ഗോമതി, തന്റെ പേരിന്റെ അവസാനം ഭര്‍ത്താവിന്റെ ആദ്യ പേരു കൂട്ടിച്ചേര്‍ത്ത് "ഗോമതി മണികണ്ഠന്‍" എന്നാക്കി. 1950ല്‍ ഇതു "തെക്കെപറമ്പില്‍ ഗോമതി" എന്നാകുമായിരുന്നു. ഇവര്‍ക്കൊര്‍ക്കൊരു കുഞ്ഞു ജനിച്ചപ്പോള്‍ ഇവര്‍ ആ കുട്ടിക്ക് "ജിഷ്ണു മണികണ്ഠന്‍" എന്നു പേരു വെച്ചു. കേള്‍ക്കാന്‍ സുഖമില്ല എന്നു തോന്നിയ "പഴഞ്ചന്‍" പേരുകള്‍ മണികണ്ഠന്‍ മക്കള്‍ക്കിട്ടില്ല. "തെക്കെപറമ്പ്" എന്ന അദ്ദേഹത്തിന്റെ കുടുംബപ്പേര് അദ്ദേഹം ജോലിചെയ്യുന്ന ഓഫീസിലെ ഇം‌ഗ്ലീഷുകാര്‍ക്ക്‌ ആര്‍ക്കും വായിക്കാനും എഴുതാനും പറ്റാത്തതു കൊണ്ടു അതും കുട്ടികളുടെ പേരിലില്ല. അങ്ങനെ ഫലത്തില്‍ ഒരു തലമുറയ്ക്ക് ശേഷം കേരളത്തില്‍ പൈതൃകം ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകും. കുടുംബപ്പേരുകള്‍ മാറ്റാന്‍ നമുക്കവകാശമില്ല. അതു ഭാവി തലമുറയ്ക്ക് കൈമാറാനുള്ള കുടുംബ സ്വത്താണ്. മറ്റൊരു സംസ്കാരത്തിതിലും കണ്ടിട്ടില്ലാത്ത, കുടുംബപാരമ്പര്യം മൂടിമറയ്ക്കുന്ന ഒരു വ്യര്‍‌ത്ഥമായ സംസ്കാരമാണു മലയാളികള്‍ ശീലിച്ചുവരുന്നത്. [പേരു്] [അച്ഛന്റെ ആദ്യപേരു്] [കുടുംബപ്പേര്] ഈ വിധം അച്ഛന്റെ ആദ്യപേര് കുട്ടികള്‍ക്കിടുന്നതിനോടൊപ്പം കുടുംബപ്പേരും കൂട്ടി ചേര്‍ക്കണം.

ഇസ്ലാമിക ചട്ടങ്ങള്‍ അനുസരിച്ച് ദൈവത്തിനു തൊണ്ണൂറ്റൊമ്പത് പേരുകളാണ്, ആ പേര് മനുഷ്യരേയൊ ഭൂമിയില്‍ വസിക്കുന്ന ജീവജാലങ്ങളെയൊ വിളിച്ചുകൂടാ. എന്നിരുന്നാലും ദൈവത്തിന്റെ ദാസന്‍, ദൈവത്തിന്റെ അടിമ എന്നര്‍ത്ഥമുള്ള പേരുകള്‍ തിരഞ്ഞെടുക്കാം. ആ പട്ടികയില്‍പ്പെടുന്ന പേരുകളാണ്. "അബ്ദുല്‍ -" എന്നാരംഭിക്കുന്ന അറബി പേരുകള്‍. അറബിയില്‍ "അബ്ദ് " എന്നാല്‍ അടിമ, സേവകന്‍, ദാസന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്, അതു ദൈവത്തിന്റെ നാമത്തിന്റെ കൂടെയാണു ചേര്‍ക്കുന്നത്.

ഈ വിധം നല്ല അര്‍ത്ഥമുള്ള തൊണ്ണൂറ്റൊമ്പത് പേരുകള്‍ ലഭിക്കും. ഉദാഹരണത്തിന് - അബ്ദുല്‍ സമദ്, അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ കലാം, അബ്ദുല്‍ റഹീം, അങ്ങനെ തൊണ്ണൂറ്റൊമ്പത് പേരുകള്‍. ഒരുകാരണവശാലും ഈ പേരുകള്‍ "അബ്ദുല്‍" എന്ന് ചേര്‍ക്കാതെ വിളിക്കാനോ പറയാനോ പാടില്ല. "അബ്ദുല്‍" എന്ന വാക്ക്‌ ചുരുക്കി ഉപയോഗിക്കാനും വാക്കുപയോഗിക്കാതെ ചുരുക്കാനും പാടില്ല. " A. R. Rahman", "A. Jabbar", "A. Kalam", എന്നൊന്നും തന്നെ ഉപയോഗിക്കാന്‍ പാടില്ല. അറബിയും, ഈ വാക്കുകളുടെ അര്‍ത്ഥം അറിയാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലീം ജനങ്ങള്‍. ഉദാഹരണത്തിനു് "അഹദ്" എന്നാല്‍ ഏകനായവന്‍ എന്നാണ്. ഇസ്ലാമിക നിയമമനുസരിച്ച്, ഏകനായവന്‍ ദൈവം മാത്രമാണ്. അതു മനുഷ്യനായി ജനിച്ചവന് അവകാശപ്പെടാന്‍ ഇസ്ലാമിക നിയമം അനുവദിക്കുന്നില്ല. ഈ കാരണത്താല്‍ ഇത്തരം പേരുകള്‍ "അബ്ദുല്‍" ഇല്ലാതെ ഉപയോഗിക്കുന്നതു തെറ്റാണ്.

ഗള്‍ഫില്‍ ഖലീജി അറബികളുടെ (യൂ.ഏ. ഈ, ബഹറൈന്‍‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, സൌദി.) ഇടയില്‍ കുടുംബപ്പേര് കളയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഒരു കുഞ്ഞു ജനിച്ചാല്‍ ആ കുട്ടിയുടെ പേരില്‍ അറിയപ്പെടുന്നരും ഉണ്ട്., "അബ്ദുല്‍ കരീം അബ്ദുല്‍ സമദ് അല്‍ സുവൈദി" എന്ന ആളിനു "സൈഫ് സുല്‍ത്താന്‍ അബ്ദുല്‍ കരീം അല്‍ സുവൈദി" എന്ന പേരില്‍ ഒരു മകനുണ്ടെങ്കില്‍, അദ്ദേഹത്തെ സുഹൃത്തുക്കളും, ഭാര്യയും, കുടുംബാംഗങ്ങളും സ്നേഹപൂര്‍‌വ്വം "അബു സൈഫ് " എന്നു വിളിക്കും. "(അബു" എന്നാല്‍ പിതാവ്), അതായത്, സൈഫിന്റെ പിതാവ് എന്നര്‍ത്ഥം. ഇതു വളരെ പഴക്കമുള്ള ഒരു അറബി സംസ്കാരമാമണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതുകൊണ്ടോ, സമ്പത്ത് വര്‍ദ്ധിച്ചതുകൊണ്ടോ, അവരാരുംതന്നെ അവരുടെ പേരുകള്‍ മറ്റുഭാഷക്കാരുടെ സൌകര്യത്തിനുവേണ്ടി ചുരുക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല.

എനിക്കൊരു മകന്‍ ജനിച്ചപ്പോപോള്‍ വാപ്പ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ച കാര്യം മറ്റൊന്നുമല്ല. അദ്ദേഹം എനിക്കു തരാന്‍ മടിച്ച കുടുംബപ്പേര് അദ്ദേഹത്തിന്റെ പേരക്കുട്ടിക്കിടണം എന്നു പറഞ്ഞു. അതു ഞാന്‍ അത് അതേപടി അവന്റെ പേരിന്റെ അവസാനം ചേര്‍ക്കുകയും ചെയ്തു. പുരോഗമനത്തിന്റെ പേരില്‍ പലതും നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കാടുകളും, നെല്‍പ്പാടങ്ങളും, വനത്തിലെ കടുവയും, വൃക്ഷങ്ങളും, സിംഹവാലനും, ലിപിയും, ഭാഷയും, സംസ്കാരവും ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുകയാണ് നാം. ഇതിനിടയില്‍ അച്ഛനപ്പൂപ്പുപ്പന്മാരുടെ പേരെങ്കിലും കളയാതെ സൂക്ഷിക്കുക.
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.